above post ad local

വയനാട്ടിൽ പിടിയിലായത് മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ ; സാവിത്രിക്കെതിരെ 17, കൃഷ്ണമൂര്‍ത്തിക്കെതിരെ 3 യുഎപിഎ കേസുകള്‍

0

ബത്തേരി: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കളെയാണ്  പോലീസ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായി. കര്‍ണാടക ചിക്ക് മംഗളൂര്‍ സ്വദേശികളായ പശ്ചിമഘട്ട സോണല്‍ സമിതി സെക്രട്ടറി ബി.ജി. കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് ഇന്നലെ പിടിയിലായത്. വയനാട്  കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായ സാവിത്രിയുടെ പേരില്‍ തലപ്പുഴ, തിരുനെല്ലി സ്‌റ്റേഷനുകളിലടക്കം 17 യുഎപിഎ കേസുകളും, കൃഷ്ണമൂര്‍ത്തിക്കെതിരെ 3 കേസുകളുമുണ്ട്.

 

കേരളത്തിലെ  മാവോയിസ്റ്റ് സംഘടനയുടെ തലവനെന്ന് പോലീസ് കരുതുന്നയാളാണ് കര്‍ണാടക സ്വദേശിയായ ബി.ജി. കൃഷ്ണമൂര്‍ത്തി. നിലവില്‍ സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗവും പശ്ചിമഘട്ട സോണല്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു. കേരള പോലീസ് തീവ്രവാദ വിരുദ്ധ സേനയാണ് കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് കൃഷ്ണമൂര്‍ത്തിയെയും മറ്റൊരു നേതാവായ സാവിത്രിയെയും പിടികൂടിയത്. രണ്ട് ദിവസം മുന്‍പ് കണ്ണൂരില്‍ പിടിയിലായ ഗൗതം എന്ന രാഘവേന്ദ്രയില്‍ നിന്നാണ് പോലീസിന് കൃഷ്ണമൂര്‍ത്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയതെന്നാണ് സൂചന. കുറച്ചു കാലമായി  കൃഷ്ണമൂര്‍ത്തി എവിടെയാണെന്ന വിവരം പോലീസിനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇല്ലായിരുന്നു. പോലീസ് കേരള കര്‍ണാടക അതിര്‍ത്തി മേഖലകളില്‍ കൃഷ്ണമൂര്‍ത്തിക്കായി വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

 

കേന്ദ്രകമ്മറ്റി അംഗമായിരുന്ന കുപ്പുദേവരാജ് നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്തിന് പിന്നാലെയാണ് ബി.ജി. കൃഷ്ണമൂര്‍ത്തി സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോണല്‍കമ്മറ്റിയുടെ നേതൃത്വം ഏറ്റെടുത്തത്.  വയനാടിന്റെ അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് കൃഷ്ണമൂര്‍ത്തി സംഘടനയെ നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പിടിയിലായ കൃഷ്ണമൂര്‍ത്തിയെയും സാവിത്രിയെയും എങ്ങോട്ടേക്കാണ് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. വയനാട് ജില്ലയിലെ പലയിടങ്ങളിലും ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുന്നതായാണ് വിവരം.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.