സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിയെന്ന് ബി.ജെ.പി. നേതാവ് അയച്ച ഇ-മെയില്‍ സന്ദേശത്തിലെ കൂടുതല്‍വിവരങ്ങള്‍ പുറത്തായി. പുനഃസംഘടനയെച്ചൊല്ലിയുള്ള പാര്‍ട്ടിക്കുള്ളിലെ തമ്മിലടിക്കിടെയാണ് തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റല്‍ രേഖയുടെ പകര്‍പ്പുകള്‍ പുറത്തുവന്നിരിക്കുന്നത്.
ബി.ജെ.പി. നേതാവ് ഇ-മെയിലിലൂടെ അയച്ച തിരഞ്ഞെടുപ്പ് വരവ് ചെലവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിച്ചതിനെക്കുറിച്ച് ജൂലായില്‍ ‘മാതൃഭൂമി’യാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. ബി.ജെ.പി. ജില്ലാ ജനറല്‍സെക്രട്ടറി പ്രശാന്ത് മലവയല്‍, ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അയച്ചതാണീ ഇ-മെയില്‍. തിരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നതിനിടെയാണ് ഇ-മെയിലിലൂടെ നേതാക്കള്‍ക്ക് അയച്ച കണക്കുകള്‍ അന്വേഷണസംഘം കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് മൂന്നരക്കോടി വരവും 1.69 കോടി ബാക്കിയുണ്ടെന്നുമാണ് ഇ-മെയില്‍ സന്ദേശത്തിലുള്ളത്. അമിത്ഷാ മീനങ്ങാടിയിലെത്തിയ സമ്മേളനപരിപാടിക്ക് 68.25 ലക്ഷം ചെലവായെന്നും ഈ കണക്കിലുണ്ട്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെയുള്ള തിരഞ്ഞെടുപ്പ് സമയത്തെ വിശദമായ കണക്കുവിവരങ്ങളാണ് 11 പേജിലായി ഇ-മെയിലിലൂടെ അയച്ചിട്ടുള്ളത്. എന്നാല്‍ സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് ചെലവായി 17 ലക്ഷം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കാണിച്ചിട്ടുള്ളത്.

പ്രസിഡന്റിനെ മാറ്റിയതിനു പിന്നിലും ഫണ്ടിനെച്ചൊല്ലിയുള്ള തര്‍ക്കം
സജി ശങ്കറിനെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതിന് കാരണമായതും ഈ തിരഞ്ഞെടുപ്പ് ഫണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം പറയുന്നത്. സി.കെ. ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം കെ. സുരേന്ദ്രന് പക്ഷക്കാരായ ചില നേതാക്കള്‍ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എത്ര തുക ലഭിച്ചെന്നോ, എത്ര തുക ചെലവഴിച്ചുവെന്നോ പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്റിനെ പോലും അറിയിച്ചിരുന്നില്ലെന്ന് ഒരുവിഭാഗം പറയുന്നു. പാര്‍ട്ടി യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകള്‍ ചോദ്യംചെയ്ത് നേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫണ്ട് വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതവരുത്തണമെന്ന് സജി ശങ്കര്‍ കര്‍ശനനിലപാട് സ്വീകരിച്ചതാണ് കെ. സുരേന്ദ്രന്റെ അപ്രീതിക്ക് കാരണമായതെന്നും ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് സ്ഥാനചലനമുണ്ടായതെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.
ആര്.എസ്.എസിന് അതൃപ്തി
ജില്ലയിലെ ബി.ജെ.പി.യില്‍ സംസ്ഥാന നേതൃത്വത്തിന്റെ വെട്ടിനിരത്തലിനും പുറത്താക്കലിനും ഇരയായതെല്ലാം ആര്.എസ്.എസ്. പാര്‍ട്ടിയിലേക്ക് നിയോഗിച്ച നേതാക്കളാണ്. ബി.ജെ.പി.ക്കുള്ളിലെ അഴിമതിയും ഏകപക്ഷീയമായ നിലപാടുകള്‍ക്കുമെതിരേ കര്‍ശനനിലപാട് സ്വീകരിച്ചവരെയാണ് നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി, മൂലയ്ക്കിരുത്തിയതെന്നാണ് ഒരുവിഭാഗത്തിന്റെ ആക്ഷേപം. ഈ നടപടികളില്‍ ആര്.എസ്.എസിന് ബി.ജെ.പി. നേതൃത്വത്തോട് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് വിവരം. ആര്.എസ്.എസില്‍ നിന്നെത്തിയ നേതാക്കള്‍ക്കുനേരെയുള്ള നടപടി ബി.ജെ.പി.ക്ക് ക്ഷീണം ചെയ്യുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ സംസാരം.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ സജി ശങ്കര്‍, സംസ്ഥാനപ്രസിഡന്റ് കഴിഞ്ഞദിവസം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന കെ.ബി. മഥന്‍ലാല്‍, തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടുകളെ ചോദ്യംചെയ്തതിന്റെ പേരില്‍ നേരത്തെ ചുമതലയില്‍നിന്ന് നീക്കിയ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍ തുടങ്ങിയവരെല്ലാം ആര്.എസ്.എസിന്റെ വിവിധ ചുമതലകളില്‍നിന്നാണ് ബി.ജെ.പി.യിലേക്കെത്തിയത്. അതേസമയം, ജില്ലയിലെ ബി.ജെ.പി.ക്കുള്ളില് സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ അരങ്ങേറുമ്പോഴും ആര്.എസ്.എസ്. മൗനം പാലിക്കുന്നത് നേതാക്കളെയും പ്രവര്‍ത്തകരെയും നിരാശരാക്കുകയാണ്.
- Advertisement -
Comments are closed.